![]() |
സേതു |
വീട് വിട്ട് തുടർപഠനത്തിനായി ഹോസ്റ്റലിലേക്ക് ചേക്കേറിയ കാലത്താണ് ഞാൻ സേതുവിന്റെ 'കിളിക്കൂട് ' എന്ന നോവൽ വായിച്ചത്. പൊതുവെ വായന ഇഷ്ടപ്പെട്ടിരുന്ന എന്നെ ആ നോവലിലേക്ക് അടുപ്പിച്ചത് അതിന്റെ പ്രമേയം ആയിരുന്നു.
തിരുവസ്ത്രമുപേക്ഷിച്ച് പാവപ്പെട്ട പെൺക്കുട്ടികൾക്ക് ചേക്കേറാൻ ചില്ല ഒരുക്കിയ അഗാത ആണ് കിളിക്കൂട് എന്ന നോവലിന്റെ നേടുന്തൂൺ.!. കർത്താവിൻ്റെ മണവാട്ടിയല്ല, നിരാലംബരായ പെണ്‍കുട്ടികൾക്ക് മാതാവാകാൻ വിളിക്കപ്പെട്ടവളാണ് താൻ എന്ന തിരിച്ചറിവ് അഗാതയെ മറ്റൊരാളാക്കി. ഒരുകാലത്ത് പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ വാർഡനായിരുന്ന അഗാത പിന്നീട് തിരുവസ്ത്രം അഴിച്ചു വച്ച് പാവപ്പെട്ട പെൺകുട്ടികൾക്കായുള്ള ഒരു സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്നു. കൂട്ടത്തിൽ വിശാല മനസ്കരുടെ സഹായം കൂടി ആയപ്പോൾ ആഗ്രഹം ഫലപ്രാപ്തിയിൽ എത്തുന്നു. അങ്ങനെ വലുതല്ലേങ്കിലും ചിറകറ്റ കിളിക്കുഞ്ഞുങ്ങൾക്ക് കൂടൊരുക്കാൻ അഗാത എന്ന തള്ള പക്ഷിക്ക് കഴിയുന്നു. കാർത്തികേയൻ എന്ന വിദേശ മലയാളി കിളികൾക്ക് ചേക്കേറാൻ 'കിളിക്കൂട് ' നല്‍കിയപ്പോൾ നാനാജാതി മതത്തിൽപ്പെട്ട കിളികൾക്കും വന്നണയാനുള്ള അഭയസ്ഥാനം യാഥാര്‍ത്ഥ്യമായി.!
കിളിക്കൂട്ടിലെ ഓരോ കിളികൾക്കും പറയാനുണ്ടായിരുന്നു കണ്ണീരിന്റെ നനവുള്ള കഥകൾ. തന്റെ കൂട്ടിലെ കിളികൾ എല്ലാം തന്നെ സ്വയം പര്യാപ്തത കൈവരിച്ച് വിശാലമായ ആകാശത്തേക്ക് ചിറകടിച്ച് ഉയരണമെന്ന് സിസ്റ്റർ അഗാത ക്ഷമിക്കണം മാഡം അഗാത എല്ലായിപ്പോഴും ആഗ്രഹിച്ചു. സിസ്റ്റർ എന്ന് വിളിക്കാൻ അഗാത ഇപ്പോൾ സിസ്റ്ററല്ലല്ലോ!! ഇത് എന്റെ വാക്കുകൾ അല്ല, അഗാതയുടെ വാക്കുകളാണ് എല്ലാവർക്കും അവർ മാഡം അഗാതയായിരുന്നു.
മാത്യത്വത്തിൻ്റെ നോവറിഞ്ഞില്ലേങ്കിലും അവിടുത്തെ കിളിക്കുഞ്ഞുങ്ങൾക്ക് അവർ മാത്യസ്ഥാനീയ ആയി പ്രത്യേകിച്ച് കാദംബരിക്ക്. അമ്മയോ അച്ഛനോ ആരേന്നറിയാത്ത ജാതിയോ മതമോ ഏതെന്ന് നിശ്ചയമില്ലാത്ത അവൾക്ക് ഒരു ബ്രാഹ്മണ കുടുംബമാണ് തുണ നൽകിയത്. ശങ്കരരാമനും ഗോമതിയമ്മയ്ക്കും അവൾ മകളായി. മതവും ജാതിയും പിന്നീട്, ചോദ്യചിഹ്നമായപ്പോൾ അവൾക്ക് അവിടുന്ന് ഇറങ്ങേണ്ടി വന്നു. കിളിക്കുട്ടിൽ ചേക്കേറിയപ്പോൾ അവൾക്ക് അവിടെയും ഒരമ്മയെ കിട്ടി. മാഡം അഗാത!
കാദംബരിയുടെ ആശ്വാസ വാക്കുകളും സാമിപ്യവും അഗാതയ്ക്ക് പുതുപ്രതീക്ഷകൾ നൽകി. അതിനാലാവാം തന്റെ ഭൂതകാലം അവൾക്കു മുന്നിൽ തുറന്നു കാട്ടാൻ അഗാത തയ്യാറായതും. കാദംബരി മറച്ചു വച്ച സത്യങ്ങൾ അറിയാൻ അഗാത ആഗ്രഹിച്ചതും. എല്ലാ കിളികളെയും പുതു ആകാശം കാണാൻ സ്വയം പര്യപ്തരാക്കി, ഒടുവിൽ തന്റെ കിളിക്കൂടിൻ്റെ താക്കോൽ കാദംബരിയെ ഏൽപ്പിച്ച് എന്നന്നേക്കുമായി അവർ കൂട് വിട്ട് പറന്നകന്നു.
കിളികൾ എല്ലാരും പുതിയ വാതായനം തേടി പോയപ്പോൾ അവർക്കിടയിലെ പാർവൺ സിങ് എന്ന പഞ്ചാബി പെണ്‍കുട്ടി കണ്ണീരോർമ്മയായി. എല്ലാരുടെയും മനസ്സിൽ മറയുകയാണുണ്ടായത്.
കഥാപശ്ചാത്തലം മറ്റു നോവലുകളിൽ നിന്നും കിളിക്കൂട് എന്ന നോവലിനെ വ്യക്തമാക്കുന്നു. സ്ത്രീപക്ഷ രചനയാണ് കിളിക്കൂട് എന്ന് പറയാനാകില്ലെങ്കിലും ദുർബലമാക്കപ്പെടുന്ന സ്ത്രീ ജന്മങ്ങൾക്ക് കൂടുതൽ കരുത്തോടെ ഉയർന്ന് പോങ്ങാൻ പ്രേരണയേകാൻ തക്കവണ്ണം പര്യാപ്തമാണ് ഇതിലെ ഭാഷ. സ്വത്വബോധം കഥയിലുടനീളം നിറഞ്ഞു നില്‍ക്കുന്നു.