2020, മാർച്ച് 14, ശനിയാഴ്‌ച

പ്ലാസ്റ്റിക് നിരോധനം ഒരു ശരാശരി മലയാളിയുടെ കണ്ണിൽ

പ്ലാസ്റ്റിക് നിരോധനം ഒരു ശരാശരി                                    മലയാളിയുടെ കണ്ണിൽ


പ്ലാസ്റ്റിക് നിരോധനം ഇന്ന് കേരളം ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഒന്നാണല്ലോ? പ്ലാസ്റ്റിക്കിനെ ക്കുറിച്ചോ പ്ലാസ്റ്റിക് നിരോധനത്തെ ക്കുറിച്ചോ ആധികാരികമായി സംസാരിക്കാൻ എനിക്കറിയില്ല. എങ്കിലും ആ വിഷയത്തെ സംബന്ധിച്ച് എൻ്റെ പൊട്ടൻ ബുദ്ധിയിൽ തോന്നിയ കുറച്ച് സംശയങ്ങൾ ഞാൻ പങ്ക് വച്ചുകൊള്ളട്ടെ...............!
                                                 സമകാലിക സമൂഹത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക് ;പ്ലാസ്റ്റിക് കുപ്പി, ചെരുപ്പ്, വാച്ച്, പൗഡർ ടിൻ, പാത്രം, ടെബിൾ, കസേര, ചീപ്പ്, ഗ്ലാസ്, തോരണങ്ങൾ, ബാനർ, അലങ്കാര വസ്തുക്കൾ എന്നുവേണ്ട എല്ലാത്തിലും ഒരു പ്ലാസ്റ്റിക് ടച്ച് അല്ല, പ്ലാസ്റ്റിക് ടച്ച് മാത്രമല്ല പ്ലാസ്റ്റിക് തന്നെ നമുക്ക് കാണാൻ സാധിക്കും. ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കു സർവ്വവും പ്ലാസ്റ്റിക് മയം....! മണ്ണിൽ അലിഞ്ഞു ചേരുന്ന പേപ്പറിനേക്കാൾ മലയാളക്ക് പ്രീയം മണ്ണിൽ അലിഞ്ഞ് ചേരാത്ത പ്ലാസ്റ്റിക്കിനോടാണ്. use and throw നയം ഇത്രയും മനോഹരമായി മറ്റേവിടെയാണ് കാണാൻ കഴിയുക. ഈ ശീലം മലയാളികളെ പഠിപ്പിച്ചത് പ്ലാസ്റ്റിക് ആണെന്ന് പറയാതെ തരമില്ല. അത്ര കണ്ട് പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിരിക്കുന്നു. പ്ലാസ്റ്റിക് ഇല്ലാതെ മലയാളിയില്ല എന്ന് വന്നിരിക്കുന്നു. എന്തൊരു വിരോധാഭാസം പറയാതെ തരമില്ല. ഒരു കാലത്ത് വാഴയിലയും പാളപാത്രങ്ങളും മൺപാത്രങ്ങളും മലയാളികളുടെ സാംസ്കാരിക മുദ്രകളായിരുന്നു. എന്നാൽ ഇന്നാകട്ടെ വാഴയിലയ്ക്ക് പകരം പ്ലാസ്റ്റിക് കോട്ടിങ്ങോടു കൂടിയ പേപ്പർ വാഴയില.! മൺപാത്രങ്ങളുടെയും പാള പാത്രങ്ങളുടെയും കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. അവയെ മാറ്റി പ്ലാസ്റ്റിക് പാത്രം പകരം വച്ചു. തൂശനിലയിട്ട് തുമ്പപ്പൂ ചോറു വിളമ്പിയ മലയാളി ഇന്ന് പേപ്പർ വാഴയിലയിട്ട് ചോറും വിളമ്പി, അതിനൊരു വിശേഷണം കൂടി നൽകി. "പന്തിയ്ക്കും പാഴ്സലിനും പറ്റിയ ഇല..!" ശരിയാവാം പന്തിയ്ക്കും പാഴ്സലിനും പറ്റിയ ഇല ആവാം പേപ്പർ വാഴയില. എന്നാൽ, ചൂട് ചോറ് പ്ലാസ്റ്റിക് കോട്ടിങ്ങിൽ വീണ് അത് കഴിക്കുന്നത് മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെക്കാൾ വലുതാണോ പാഴ്സലിനുള്ള സൗകര്യം എന്ന്  തെല്ലിട ചിന്തിക്കണം ഞഞാനുൾപ്പെടുന്ന ആഢംബര പ്രീയരായ മലയാളികൾ.! അൽപ്പം സൗകര്യത്തിനു വേണ്ടി ഏത് മഹാമാരിയും എടുത്ത് തലയിൽ വയ്ക്കാൻ  ഒരു മടിയുമില്ല നമ്മൾ മലയാളികൾക്ക്. ഇപ്പോൾ നാം ഭീതിയോടെ  കാണുന്ന കൊറോണ വൈറസ് കേരളത്തിലെത്തിയത്  അങ്ങനെയല്ലേ....? ഇറ്റലിയിൽ നിന്ന് മൂന്ന് പേർ അവധി ആഘോഷിക്കാൻ കേരളത്തിലെത്തി സൗകര്യമായി എല്ലായിടത്തും സഞ്ചരിക്കാൻ തങ്ങൾ വന്നത് ഇറ്റലിയിൽ നിന്നാണെന്ന് അവർ പറഞ്ഞില്ല. ഫലമോ മൂന്ന് പേർ അവധി ആഘോഷിക്കാൻ വന്നപ്പോൾ കേരളത്തിലേല്ലാർക്കും വിശേഷിച്ച് വിദ്യാർത്ഥികൾക്ക് അവധി വാങ്ങി കൊടുക്കാൻ അവർക്ക് കഴിഞ്ഞു. അതും ഒരു മാസം........! ഒരു പ്രളയത്തിന് കൂടി നൽകാൻ കഴിയാത്ത അവധി നൽകാൻ ഇറ്റാലിയൻ മലയാളികൾക്ക് കഴിഞ്ഞു. അതെന്തുമാകട്ടെ സൗകര്യത്തിൻ്റെ കാര്യം പറഞ്ഞ് കാടുകയറി പോയതാണ്. ഏതായാലും രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലതല്ലേ രോഗം വരാതെ നോക്കുന്നത്!
                                     ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. അപ്പോൾ ഞാൻ പറഞ്ഞു വന്നത് പ്ലാസ്റ്റിക് മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു 'അവശ്യ വസ്തു 'ആയി മാറിയിരിക്കുന്നു എന്നാണ്. എന്തിനും കുറുക്കുവഴികളും ലാഭവും തേടി പായുന്ന മലയാളിയുടെ ബിസി ഷെഡ്യൂളിൽ പ്ലാസ്റ്റിക്കും ഉൾപ്പെട്ടതിൽ അത്ഭുതമെതുമില്ല.!
                          പലവിധ വിപത്തുക്കളാണ് പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്നത് എന്ന് പറയാതെ തരമില്ല. ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിൽ ദ്രവിക്കാതെ കിടക്കുന്നു. ഇനി അത് കത്തിച്ചാലോ അതിന്റെ പുക ശ്വസിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി  വിശദീകരിക്കണ്ട ആവശ്യമില്ല. ജലാശയങ്ങളിലിട്ടാലോ? മത്സ്യങ്ങളും മറ്റുംഇവ കഴിക്കാനിടയാകും ജലമലിനീകരണത്തിനു കാരണമാകുകയും ചെയ്യുന്നു. ചുരുക്കത്തിൽ വായു-ജല-മണ്ണ് മലിനീകരണത്തിൽ പ്ലാസ്റ്റിക് വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ പ്ലാസ്റ്റിക് മൂലം അനവധി ഉപയോഗം ഉണ്ട് താനും. (തൽക്കാലം പോസിറ്റീവ് ഉപയോഗത്തെ ക്കുറിച്ച് മാത്രം ചിന്തിക്കാം. ) ഉപയോഗ ശേഷമുളള സംസ്കരണമാണ് പ്രശ്നം. ഇതിപ്പോ കക്ഷത്തിലുള്ളത് പോകാനും വയ്യ ഉത്തരത്തിലുള്ളത് എടുക്കുകയും വേണം എന്ന അവസ്ഥയായി പോയി അല്ലേ!? 😊 കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിനിടയ്ക്ക് അവയുടെ ദോഷ വശങ്ങളെ നാം മറന്നേ പോകുന്നു. ചിലതരം പ്ലാസ്റ്റിക്കുകൾ റീയൂസ് യൂസ് ചെയ്ത്  ഉപയോഗിക്കാറുണ്ട്. എന്നാൽ അതിനു ശേഷവും എന്താണ് ചെയ്യുക throw അല്ലേ
                             2020 ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതായി ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ഈ നിരോധനം എത്ര കണ്ട് ഫലപ്രദമായി തീരും എന്ന് കണ്ടുതന്നെ അറിയണം. മലയാളിയുടെ ജീവിത ശൈലിയിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഒന്ന് എന്ന നിലയിൽ അവ ഉപേക്ഷിക്കാൻ മലയാളി തയ്യാറാവില്ല. ഇനി തയ്യാറായാൽ തന്നെയോ പ്ലാസ്സിക്കിനോപ്പം കിടപിടിക്കാൻ ത്രാണിയുള്ളതായിരിക്കണം പ്ലാസ്റ്റിക്കിന്റെ പകരക്കാരൻ. നിലവിൽ ഗവണ്‍മെന്റ് പ്ലാസ്റ്റിക് നിരോധിക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ അതിനു പകരം എന്ത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല.