2020, ജനുവരി 18, ശനിയാഴ്‌ച

കരിക്കോട്ടക്കരി ___വിനോയ് തോമസ്

കരിക്കോട്ടക്കരി - വിനോയ് തോമസ് 


പുസ്തകത്തിന്റെ പുറംചട്ട 


ഓരോ നിമിഷവും ഒരു പുതുജീവൻ ഭൂമിയിലേക്ക് തങ്ങളുടെ വരവറിയിക്കും പോൽ ഓരോ നിമിഷവും ഒരു കവിതയോ കഥയോ അല്ലെങ്കിൽ മറ്റു സർഗ്ഗ സൃഷ്ടികളോ കാലത്തിന് സമ്മാനിക്കുന്നു. എന്നാൽ ഇവയിൽ എത്രയെണ്ണം കാലാനുവർത്തിയായി നിലകൊള്ളുന്നുണ്ട്.? അത് ചിന്തിക്കേണ്ടുന്ന വസ്തുതയാണ്. മറ്റുള്ളവരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ പ്രാപ്തമായവ വളരെ കുറവ് മാത്രമാണ്.!. :അത് വ്യക്തികളായാലും കൃതികളായാലും..! സാഹിത്യത്തിൽ ഒന്നോ രണ്ടോ കൃതികൾ കൊണ്ട് എക്കാലവും സഹൃദയ ഹൃദയത്തിൽ ഇടം നേടിയ എഴുത്തുകാർ വളരെ കുറവാണ്.അവരിൽ ഒരാളായി അവരുടെ പ്രതിനിധിയായി ഇന്നിന്റെ കലാക്കാരനായി നിലക്കൊള്ളുന്ന വ്യക്തിയാണ് വിനോയ് തോമസ്. വളരെ കുറച്ച് കൃതികളെ അദ്ദേഹം എഴുതിയിട്ടുള്ളു എങ്കിലും തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രികത്വം അദ്ദേഹത്തിന്റെ കൃതികളിൽ നിറഞ്ഞു നില്‍ക്കുന്നു.
    വിനോയ് തോമസ്സിന്റെ ആദ്യ നോവലാണ് കരിക്കോട്ടക്കരി.സ്വത്വബോധത്തെകാളുപരി  സ്വത്വാനേഷണമാണ് കരിക്കോട്ടക്കരിയിൽ മുഖ്യമായി കടന്നു വരുന്നത്.
             അധികാരത്തിൽ കുടുംബ ചരിത്രം അവതരിപ്പിച്ചു കൊണ്ടാണ് കഥ ആരംഭിക്കുന്നത്. കേരളത്തിലെ എണ്ണപ്പെട്ട പുരാതന ക്രൈസ്തവ കുടുംബങ്ങളിൽ ഒന്നായ അധികാരത്തിൽ കുടുംബത്തിന്റെ  ആദിപിതാമഹൻ എ. ഡി 842 - ൽ കൊല്ലത്തെ തരിസാപ്പള്ളിയുടെ അധികാരിയായിരുന്ന മാർസാപീർ ഈസോയുടെ സഹോദരനായ ആഫ്രോത്താണ്. രാജകൽപ്പന പ്രകാരം അദ്ദേഹത്തിന് പുണിയാരത്ത് മനയിൽ മണിനങ്ങ എന്ന നമ്പൂതിരി യുവതിയെ വിവാഹം ചെയ്യേണ്ടതായി വരുന്നു. ഈ ബന്ധത്തിലൂടെയാണ് അധികാരത്തിൽ കുടുംബത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. വിദേശിയവും സ്വദേശിയവുമായ രണ്ട്  കുലീന പാരമ്പര്യങ്ങളുടെ കൂടിചേരലിൽ നിന്നാണ്  അധികാരത്തിൽ കുടുംബം ഉടലെടുക്കുന്നത്, എന്നതിനാൽ തന്നെ നല്ല ഉയരവും നിറവും ഉള്ളവരായിരുന്നു അധികാരത്തിൽ കുടുംബാംഗങ്ങൾ. തങ്ങളുടെ കുടുംബം കലർപ്പില്ലാതെ സൂക്ഷിക്കുവാൻ അവർ ചില കർശന നിയമങ്ങൾ തയ്യാറാക്കുകയുണ്ടായി. കുടുംബത്തിലേക്ക്  വധുവിനെ തിരഞ്ഞെടുക്കുമ്പോൾ അഞ്ച് തലമുറകൾക്കപ്പുറം വരെയുള്ള പാരമ്പര്യം നോക്കി ആഢ്യവിഭാഗമാണെന്ന്  ഉറപ്പു വരുത്തിയിട്ട് വേണം വിവാഹം കഴിക്കാൻ. അചഞ്ചലമായ ക്രിസ്തീയ വിശ്വാസമുള്ളവരായിരിക്കണം സംബന്ധക്കാർ. ഇത് പെണ്മക്കളെ വിവാഹം കഴിച്ചയക്കുമ്പോഴും ശ്രദ്ധിക്കണം. ആദിപിതാവിൻ്റെയും മാതാവിന്റെയും പാരമ്പര്യ തൊഴിലുകളായ കൃഷിയോ വ്യാപാരമോ ആയിരിക്കണം ചെയ്യേണ്ട തൊഴിലുകൾ. ഇങ്ങനെ പോകുന്നു ആ നിയമങ്ങൾ. ഇവ പാലിക്കാത്തവർ അധികാരത്തിൽ കുടുംബത്തിൽ നിന്നും പുറത്ത്  പോണം പിന്നീട് ആ കുടുംബ പേര് ഉപയോഗിക്കാൻ അവർ യോഗ്യരല്ല. ഇങ്ങനെ പോകുന്നു നിയമങ്ങൾ., ഈ നിയമങ്ങൾ പാലിക്കാത്തതിനാൽ പലപ്പോഴായി കുറച്ച് പേർ പുറത്ത് പോയിട്ടുണ്ട്. 





















































(അപുർണ്ണം) 
                    

2020, ജനുവരി 14, ചൊവ്വാഴ്ച

ഒറോതയെ അറിയുമ്പോൾ

ഒറോത - - - കാക്കനാടൻ

കാക്കനാടന്റെ മാസ്റ്റർപീസ് എന്ന് പറയാവുന്ന ഒരു നോവലാണ് ഒറോത. വളരെ വലിയ കഥയിൽ നിന്ന് ചീന്തിയെടുത്ത ഒരു കഥാപാത്രമാണ് ഒറോത എന്ന് അദ്ദേഹം കഥാരംഭത്തിൽ പറയുന്നുണ്ട് എങ്കിലും ഒറോത വായിക്കുന്ന ആർക്കും തന്നെ അത്ര നിസ്സാരമായി ആ നോവലിനെ കാണാൻ സാധിക്കില്ല എന്നതാണ് സത്യം.!
                          ഒരു കഥ പറച്ചിലിന്റെ ലാഘവത്തോടെ കാക്കനാടൻ അവതരിപ്പിച്ചത് കേവലം ഒറോത എന്ന സ്ത്രീയെ മാത്രമല്ല., ഒരു ഗ്രാമത്തിനെ തന്നെയാണ്. ചേമ്പേരി എന്ന ഗ്രാമത്തിൻ്റെ മുഖഛായ തന്നെ മാറ്റാൻ കാരണഭൂതയായത് ഒറോതയാണ്. അവൾ തന്നെയാണ് ചരിത്രവും ചരിത്രകാരിയും.! ചേമ്പേരിയുടെ ഓരോ ശ്വാസത്തിലും ഓരോ പുൽകൊടിയിലും അവളുണ്ട് ഓരോ ജീവജാലങ്ങൾക്കും അവളുടെ കഥകൾ പറയാനുമുണ്ട്.! ഇന്ന് ചേമ്പേരിയിൽ  വളരെയേറെ വികസനങ്ങൾ സംഭവിച്ചിരിക്കുന്നു. പണ്ട് മനുഷ്യവാസം പോലുമില്ലാത്ത കുഗ്രാമമായിരുന്നു ചേമ്പേരി. എന്നാൽ ഇന്നാകട്ടെ ചേമ്പേരി പരിഷ്കൃത പ്രദേശമാണ്. ചേമ്പേരിയുടെ ഈ വളർച്ച എത്രത്തോളം എന്ന് വായനക്കാരന് മനസ്സിലാക്കാനെന്നോണമുളള കഥാക്കാരൻ്റെ വാക്കുകൾ ശ്രദ്ധേയമാണ്. "" റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും എസർ സ്റ്റേറ്റ് ബിൽഡിംങ്ങും കൂടി വന്നാൽ ചേമ്പേരി ന്യുയോര്‍ക്കാവും. തെംസ് നദി ഒന്നു കനിഞ്ഞ് ഈ വഴി ഒഴുകിയാൽ ചേമ്പേരി ലണ്ടനാവും. ലുവർ പാലസ് അപ്പാടെ പൊക്കിയെടുത്ത് ആ പള്ളിക്കുടത്തിനടുത്ത് എവിടെയെങ്കിലും സ്ഥാപിച്ചാൽ ചെമ്പേരി പാരീസാവും. റെഡ് സ്ക്വയറും കെംലിൻ കൊട്ടാരവും ഉണ്ടെങ്കിൽ മോസ്കോയാവും. ജപ്പാനീസ് ഭാഷ പറഞ്ഞ് ഗെയ്ഷാപെൺക്കുട്ടികൾ ചുറ്റിനടന്നാൽ ടോക്കിയോ ആവും. എന്തിന്, ലോകത്തിലെ ഏറ്റവും പരിഷ്കൃതമായ നഗരങ്ങളും ചെമ്പേരിയും തമ്മിലുള്ള ദൂരം നിസ്സാരമാണെന്നു സാരം. "" "ചെമ്പേരിയുടെ വികസനം ഈ വാക്കുകളിലൂടെ ഏതൊരു വായനക്കാരനും മനസ്സിലാക്കാൻ സാധിക്കുമെങ്കിലും കഥാക്കാരൻ അതുകൊണ്ടും തൃപ്തിപ്പെടുന്നില്ല. അടുത്തകാലത്ത് ചെമ്പേരി സന്ദർശിക്കാനിടയായ ഒരു സായിപ്പിന്റെ വാക്കുകൾ കൂടി കഥാക്കാരൻ കടമെടുത്തിരിക്കുന്നു. മലയാളികൾക്ക് മലയാളികൾ പറയുന്നതിനെക്കാൾ സായിപ്പ് പറയുന്നതിനോട്  വിശ്വാസ്യത കൂടുതലായിരിക്കുമല്ലോ....! 
                ഇന്ന് ചെമ്പേരി എന്താണ് എന്ന് പറയുന്നതിനൊപ്പം തന്നെ ഇന്നലത്തെ ചെമ്പേരിയുടെ മുഖവും കാക്കനാടൻ വരച്ചു കാട്ടുന്നു. എല്ലാത്തിനും മൂകസാക്ഷിയായി നിന്നത് ചെമ്പേരി പുഴ മാത്രമാണ്. ചെമ്പേരി ഗ്രാമത്തിൻ്റെ വളർച്ച - തളർച്ചകളെ സ്വാധിനിക്കാൻ ചെമ്പേരിപുഴയ്ക്ക് കഴിഞ്ഞു. എന്നിരുന്നാലും ഈ വളർച്ചയുടെ നാൾവഴി പുസ്തകത്തിൽ ഒരിക്കലും മായാത്ത ചരിത്രമായി ഒറോത ഇന്നും നിലക്കൊള്ളുന്നു. അതിനാൽ തന്നെ ഒറോതയെ അറിയാവുന്ന ആര്‍ക്കും തന്നെ കണ്ണീരിന്റെ നനവില്ലാതെ അവളെ ഓർക്കാൻ കഴിയില്ല. 
                       കഥ തുടങ്ങുന്നത് പാലായ്ക്കടുത്തുള്ള ചേർപ്പുങ്കൽ ഗ്രാമത്തിലാണ്. 99ലെ വെള്ളപ്പൊക്കത്തിൽ സംഹാര രുദ്രയായ്  മീനച്ചിലാർ മാറുന്നു. ആ മഴവെള്ളപ്പാച്ചിലിൽഒഴുകിപോയ ഒരു വീട്ടിൽ നിന്ന് പാപ്പൻ എന്ന അവിവാഹിതന് എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ കിട്ടുന്നതോടെ കഥ ആരംഭിക്കുന്നു. റൗഡിപ്പാപ്പൻ, കള്ളുപാപ്പൻ എന്നോക്കെ വിളിപ്പേരുള്ള വെട്ടുകാട്ടുപാപ്പന് ഭർത്താവുപേക്ഷിച്ചു പോയ ജാനമ്മ എന്ന കൊല്ലപ്പണിക്കാരി രഹസ്യക്കാരി ആയതോടെ കൊല്ലൻപാപ്പൻ എന്ന പേരും നാട്ടുകാർ ചാർത്തി കൊടുത്തു. രാവിലെ മുതൽ വൈകിട്ട് വരെ വള്ളമൂന്നി അന്തിക്ക് കള്ളും മോന്തി ജാനമ്മയുടെ ചൂട്പറ്റികിടന്ന് കിട്ടിയതിൽ ഒരു വിഹിതം അവൾക്ക് കൊടുത്ത് ജീവിതം ആസ്വദിച്ച് പോകുന്നു. എന്ത് കാര്യത്തിലും ഉറച്ച നിലപാടെടുക്കാൻ മിടുക്കനാണ്  പാപ്പൻ . പ്രായം നാല്പത് ആയിട്ടും വിവാഹം കഴിക്കാത്തതെന്ത്. .......? എന്ന് ആരെങ്കിലും ചോദിച്ചാൽ "എനിക്ക്  മനസ്സില്ല", എന്ന ഒറ്റ മറുപടിയിൽ പാപ്പൻ ചോദിക്കുന്നവരുടെ വായടപ്പിക്കും. ഒരിക്കൽ ജാനമ്മയുടെ ചോദ്യത്തിനും ഇതേ ഉത്തരമാണ്  പാപ്പൻ നൽകിയത് . കത്തോലിക്കാ ക്രിസ്ത്യാനിയായ പാപ്പൻ ഒരു തികഞ്ഞ വിശ്വാസി ക്കൂടിയാണ് . ഞായറാഴ്ചകളിൽ പള്ളിയിൽ പോകാറില്ലേങ്കിലും അയാൾ അന്ന് വള്ളം ഇറക്കാറില്ല.
                    99 ലെ മഴവെള്ള പാച്ചിലിൽ എല്ലാവരും തന്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ നോക്കിയപ്പോഴും പാപ്പൻ മാത്രമാണ് ചങ്കൂറ്റത്തോടെ വെള്ളപ്പാച്ചിലിൽ പെട്ടുപോയവരെ രക്ഷിക്കാനും ആശ്വാസ വാക്കുകളേകാനും മുന്നോട്ട് വന്നത്. പാപ്പനെ പിൻപ്പറ്റിയാണ് ചേർപ്പുങ്കലെ യുവത്വങ്ങൾ  രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത് പോലും....! പാപ്പൻ്റെ കൈയ്യിൽ കുഞ്ഞിനെ കിട്ടിയതോടെ അയാളുടെ ജീവിതം അപ്പാടെ മാറിമറിഞ്ഞു. അയാൾ ഒരു പിതൃസ്ഥാനത്തേക്ക് ഉയർന്നു. കത്തോലിക്ക ക്രൈസ്തവ മുറപ്രകാരം തന്നെ തന്റെ അമ്മയുടെ പേര് പാപ്പൻ ആ കുഞ്ഞിനിട്ടു. ഒറോത..! കുഞ്ഞിനെ വളർത്തുക എന്നത് ആദ്യ ഘട്ടത്തിൽ പാപ്പനെ സംബന്ധിച്ച്  ചോദ്യ ചിഹ്നമായിരുന്നു. എന്നാൽ ജാനമ്മയുടെയും അയൽ സ്ത്രീകളുടെയും സഹായത്തോടെ ജാതിഭേതമന്യേ പലരുടെ മുല കുടിച്ച്  അവൾ വളർന്നു. വളർച്ചയുടെ ഒരോ ഘട്ടവും അയാൾ സ്വപ്നം കണ്ടു. അവൾക്കായി ഒരു വഞ്ചിപ്പെട്ടി സൂക്ഷിച്ച്  അതിൽ പണം നിക്ഷേപിക്കാനും അയാൾ തയാറായി. മഴവെള്ള പാച്ചിലിൽ ദൈവം തന്ന നിധിയാണ് ഒറോത എന്ന് അയാൾ അതിയായി  വിശ്വസിച്ചു.                                                                 ജാനമ്മയുടെ  ഇളയ മകനായ മുത്തുകൃഷ്ണനോപ്പം അവൾ കളിച്ചു വളർന്നു. പഠനത്തിലും മറ്റു പ്രവർത്തനത്തിലും എല്ലാവരേക്കാൾ മുൻപന്തിയിലായിരുന്നു അവൾ. നാലാം ക്ലാസ്  കഴിഞ്ഞപ്പോൾ അവളെ മഠം വക ഇംഗ്ലീഷ്  മീഡിയം സ്ക്കൂളിലാക്കി. എന്നാൽ ജാനമ്മ ഇതിനെ പൂർണ്ണമായി അംഗീകരിച്ചില്ല. "മയിംസ്രട്ടാക്കാൻ പോകുവാണോ......?" എന്ന അവളുടെ ചോദ്യത്തിന്   "പഠിക്കുന്നിടത്തോളം പഠിക്കട്ടെ അവള് കൊച്ചല്ലേ ജാനമ്മേ ? പഠിക്കാനും മിടുക്കിയാ" എന്ന ഉത്തരത്തിൽ പാപ്പൻ പിതൃ വാത്സല്യം വ്യക്തമാക്കി. മക്കൾ തന്നെക്കാൾ പഠിക്കണമെന്നും ഉന്നത നിലയിലെത്തണമെന്നും ഏതൊരു പിതാവിന്റെയും സ്വപ്നമാണല്ലോ.....! 










































(അപുർണ്ണം) 


2020, ജനുവരി 4, ശനിയാഴ്‌ച

സത്യഭാമ

               വായനാനുഭവം

       സത്യഭാമ -—കെ.എം മുന്‍ഷി

കൃഷ്ണന്റെ ഭാര്യമാരില്‍ ഒരാൾ! ഇത്രയേ അറിയുക ഉള്ളയിരുന്നു കെ. എം മുന്‍ഷിയുടെ" സത്യഭാമ" എന്ന നോവൽ വായിക്കുന്നത് വരെ  എനിക്ക് സത്യഭാമയെ കുറിച്ച്.  എന്നാൽ വായിച്ചതിനു ശേഷം മനസ്സിലായി പ്രാണനുതുല്യം സ്നേഹിച്ച കൃഷ്ണനു വേണ്ടി ഏത്‌ ആപത്തും നേരിടാന്‍ ഒരുങ്ങി പുറപ്പെട്ട, മരിക്കുന്നെങ്കിൽ ഒരുമിച്ച് മരിക്കണം എന്ന് ആഗ്രഹിച്ചു നടന്ന ഒരു പ്രണയിനി ആയിരുന്നു സത്യഭാമ എന്ന് ! 


മരപ്പാവകൾ

മരപ്പാവകൾ വായിക്കുമ്പോൾ

                               സാധാരണക്കാരൻ്റെ ജീവിതം പശ്ചാത്തലമാക്കി കഥകൾ രചിക്കുന്ന കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രശസ്തമായ ഒരു ചെറുകഥയാണ് "മരപ്പാവകൾ ". ലളിതമെന്ന് തോന്നുമെങ്കിലും വളരെ ഇരുത്തി ചിന്തിക്കേണ്ടുന്ന ഒരു കഥയാണിത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ നളിനിയും എന്യൂമേറ്ററുമാണ്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെ ദുർമാർഗ്ഗത്തിൽ നടക്കുന്ന സ്ത്രീ എന്ന് മുദ്രകുത്തുന്നവർക്കെതിരെ നളിനി എന്ന കഥാപാത്രത്തിന്റെ ചോദ്യശരങ്ങൾ ശ്രദ്ധേയമാണ്.                                                                                സെൻസസ് എടുക്കാൻ വരുന്ന എന്യുമിനേറ്ററും നളിനി എന്ന യുവതിയും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. എന്യുമിനേറ്ററുടെ ചോദ്യങ്ങള്‍ക്ക് ലളിതവും രസകരവുമായ മറുപടികളാണ് നളിനി നൽകുന്നത്, എങ്കിലും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കാൻ അവളുടെ വാക്കുകൾക്ക് കഴിയുന്നു. വലതുകാൽ വച്ച് മറ്റൊരു വീടിന്റെ പടി കയറുമ്പോൾ ഓരോ പെൺക്കുട്ടിയ്ക്കും ഒരു നൂറ് സ്വപ്നങ്ങൾ ഉണ്ടായിരിക്കും. എന്നാൽ അവ വെറും സ്വപ്നങ്ങൾ ആയി മാത്രം അവശേഷിക്കുമ്പോൾ നിശബ്ദമായി പിൻവാങ്ങേണ്ടി വരുന്ന പെൺമനസ്സിനെ ആരും കാണാൻ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, അവളെ സംശയത്തിന്റെ കണ്ണിലൂടെ ഒരു ദുർനടത്തക്കാരിയായി ചിത്രീകരിക്കാൻ മത്സരിക്കുന്ന സമൂഹം സാക്ഷര കേരളത്തിന് അപമാനമാണ് എന്ന വസ്തുത എടുത്ത് പറയേണ്ടതില്ല.! തന്റെ സ്വത്വത്തിനു മേൽ മറ്റൊരു വ്യക്തിയുടെ കടന്നു കയറ്റം ഉണ്ടാകുമ്പോൾ പ്രതികരിക്കുന്നത് സമൂഹം തെറ്റായി കാണുന്നു. വിവാഹ ബന്ധത്തിന്റെ തകർച്ചയിൽ തളരാതെ സ്വന്തം കാലിൽ നിൽക്കാൻ അവൾ ശ്രമിക്കുമ്പോൾ അതും തല്ലിക്കെടുത്താനാണ് സമുഹം ശ്രമിക്കുന്നത്. ഈ കഥയിലെ നളിനി എന്ന കഥാപാത്രം അവളുടെ ജന്മസിദ്ധിയായ മരപ്പാവ നിർമ്മാണത്തിലൂടെ ജീവിത മാര്‍ഗം തേടാൻ ശ്രമിക്കുമ്പോൾ മറ്റു പുരുഷന്മാരെ ആകർഷിക്കാനാണ് അവളുടെ പ്രതിമ നിർമ്മിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ അവൾ നിർമ്മിക്കുന്ന സ്ത്രീ രൂപങ്ങള്‍ക്ക് അവളുടെ ഛായയും ആയിരുന്നു എന്നത് ആരും ശ്രദ്ധിക്കാതെ പോകുന്നു. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവൾ ആണെങ്കിലും അവളുടെ മനസ്സിലെ പുരുഷ രൂപത്തിനുള്ള ഭർത്താവിന്റെ ഛായ അയാളോടുള്ള അടങ്ങാത്ത സ്നേഹത്തെ ക്കുറിക്കുന്നതാണ്. എന്നാൽ സമൂഹമോ അവളുടെ നന്മ തിരിച്ചറിയാൻ ശ്രമിക്കുന്നില്ല.
                          കരൂർ നീലകണ്ഠപ്പിള്ളയുടെ മരപ്പാവകൾ എന്ന കഥയിലെ നായിക ഇന്നത്തെ അല്ല എക്കാലത്തെയും സ്ത്രീ ജനങ്ങളുടെ പ്രതിനിധിയാണ്. പെണ്ണ് മിണ്ടിയാൽ തർക്കുത്തരക്കാരി, തൻ്റേടി!!! സമകാലിക സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. സ്തീപീഡനവും സ്ത്രീധന പീഡനവും നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. "നിങ്ങൾ നിങ്ങളുടെ മോൾക്ക് എന്ത് കൊടുക്കുന്നുവോ അത് മതി ഞങ്ങൾക്ക് ഇന്നത് വേണമെന്ന് ഞങ്ങൾ പറയില്ല " എന്ന് പറഞ്ഞ് വിവാഹം ഉറപ്പിക്കുന്ന ആൺവീട്ടുക്കാർ പീന്നീട് വിവാഹ ശേഷം പോന്ന് തീരും വരെ പെണ്ണിനെ സ്നേഹിക്കും ശേഷം പോന്ന് തീർന്നാൽ വീണ്ടും പൊന്നിനായി സ്വന്തം വീട്ടിലേക്ക് തള്ളി വിടുന്ന കാഴ്ച ഇപ്പോൾ ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.
                                 മരപ്പാവയിലെ നളിനിയും ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവൾ ആണ്. എന്നാൽ അവൾ ധീരമായി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. സ്വന്തം കാലിൽ നിൽക്കാൻ അവൾ ആഗ്രഹിക്കുന്നു. സെൻസസ് എടുക്കാൻ എത്തുന്ന എന്യുമിനേറ്ററോട് നളിനി സംസാരിക്കുമ്പോൾ അവിടെ എത്തി നോക്കുന്ന പെണ്‍കുട്ടി സമൂഹത്തിന്റെ തന്നെ പ്രതിനിധിയാണ്.
                           എന്യുമിനേറ്ററുടെ ചോദ്യവും നളിനിയുടെ ഉത്തരവും വളരെ സ്വാഭാവികമായും ഫലത്തിന്റെ മേമ്പോടിയോടും അവതരിപ്പിക്കാൻ കാരൂർ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.