2020, ജനുവരി 4, ശനിയാഴ്‌ച

മരപ്പാവകൾ

മരപ്പാവകൾ വായിക്കുമ്പോൾ

                               സാധാരണക്കാരൻ്റെ ജീവിതം പശ്ചാത്തലമാക്കി കഥകൾ രചിക്കുന്ന കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രശസ്തമായ ഒരു ചെറുകഥയാണ് "മരപ്പാവകൾ ". ലളിതമെന്ന് തോന്നുമെങ്കിലും വളരെ ഇരുത്തി ചിന്തിക്കേണ്ടുന്ന ഒരു കഥയാണിത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ നളിനിയും എന്യൂമേറ്ററുമാണ്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെ ദുർമാർഗ്ഗത്തിൽ നടക്കുന്ന സ്ത്രീ എന്ന് മുദ്രകുത്തുന്നവർക്കെതിരെ നളിനി എന്ന കഥാപാത്രത്തിന്റെ ചോദ്യശരങ്ങൾ ശ്രദ്ധേയമാണ്.                                                                                സെൻസസ് എടുക്കാൻ വരുന്ന എന്യുമിനേറ്ററും നളിനി എന്ന യുവതിയും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. എന്യുമിനേറ്ററുടെ ചോദ്യങ്ങള്‍ക്ക് ലളിതവും രസകരവുമായ മറുപടികളാണ് നളിനി നൽകുന്നത്, എങ്കിലും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കാൻ അവളുടെ വാക്കുകൾക്ക് കഴിയുന്നു. വലതുകാൽ വച്ച് മറ്റൊരു വീടിന്റെ പടി കയറുമ്പോൾ ഓരോ പെൺക്കുട്ടിയ്ക്കും ഒരു നൂറ് സ്വപ്നങ്ങൾ ഉണ്ടായിരിക്കും. എന്നാൽ അവ വെറും സ്വപ്നങ്ങൾ ആയി മാത്രം അവശേഷിക്കുമ്പോൾ നിശബ്ദമായി പിൻവാങ്ങേണ്ടി വരുന്ന പെൺമനസ്സിനെ ആരും കാണാൻ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, അവളെ സംശയത്തിന്റെ കണ്ണിലൂടെ ഒരു ദുർനടത്തക്കാരിയായി ചിത്രീകരിക്കാൻ മത്സരിക്കുന്ന സമൂഹം സാക്ഷര കേരളത്തിന് അപമാനമാണ് എന്ന വസ്തുത എടുത്ത് പറയേണ്ടതില്ല.! തന്റെ സ്വത്വത്തിനു മേൽ മറ്റൊരു വ്യക്തിയുടെ കടന്നു കയറ്റം ഉണ്ടാകുമ്പോൾ പ്രതികരിക്കുന്നത് സമൂഹം തെറ്റായി കാണുന്നു. വിവാഹ ബന്ധത്തിന്റെ തകർച്ചയിൽ തളരാതെ സ്വന്തം കാലിൽ നിൽക്കാൻ അവൾ ശ്രമിക്കുമ്പോൾ അതും തല്ലിക്കെടുത്താനാണ് സമുഹം ശ്രമിക്കുന്നത്. ഈ കഥയിലെ നളിനി എന്ന കഥാപാത്രം അവളുടെ ജന്മസിദ്ധിയായ മരപ്പാവ നിർമ്മാണത്തിലൂടെ ജീവിത മാര്‍ഗം തേടാൻ ശ്രമിക്കുമ്പോൾ മറ്റു പുരുഷന്മാരെ ആകർഷിക്കാനാണ് അവളുടെ പ്രതിമ നിർമ്മിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ അവൾ നിർമ്മിക്കുന്ന സ്ത്രീ രൂപങ്ങള്‍ക്ക് അവളുടെ ഛായയും ആയിരുന്നു എന്നത് ആരും ശ്രദ്ധിക്കാതെ പോകുന്നു. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവൾ ആണെങ്കിലും അവളുടെ മനസ്സിലെ പുരുഷ രൂപത്തിനുള്ള ഭർത്താവിന്റെ ഛായ അയാളോടുള്ള അടങ്ങാത്ത സ്നേഹത്തെ ക്കുറിക്കുന്നതാണ്. എന്നാൽ സമൂഹമോ അവളുടെ നന്മ തിരിച്ചറിയാൻ ശ്രമിക്കുന്നില്ല.
                          കരൂർ നീലകണ്ഠപ്പിള്ളയുടെ മരപ്പാവകൾ എന്ന കഥയിലെ നായിക ഇന്നത്തെ അല്ല എക്കാലത്തെയും സ്ത്രീ ജനങ്ങളുടെ പ്രതിനിധിയാണ്. പെണ്ണ് മിണ്ടിയാൽ തർക്കുത്തരക്കാരി, തൻ്റേടി!!! സമകാലിക സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. സ്തീപീഡനവും സ്ത്രീധന പീഡനവും നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. "നിങ്ങൾ നിങ്ങളുടെ മോൾക്ക് എന്ത് കൊടുക്കുന്നുവോ അത് മതി ഞങ്ങൾക്ക് ഇന്നത് വേണമെന്ന് ഞങ്ങൾ പറയില്ല " എന്ന് പറഞ്ഞ് വിവാഹം ഉറപ്പിക്കുന്ന ആൺവീട്ടുക്കാർ പീന്നീട് വിവാഹ ശേഷം പോന്ന് തീരും വരെ പെണ്ണിനെ സ്നേഹിക്കും ശേഷം പോന്ന് തീർന്നാൽ വീണ്ടും പൊന്നിനായി സ്വന്തം വീട്ടിലേക്ക് തള്ളി വിടുന്ന കാഴ്ച ഇപ്പോൾ ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.
                                 മരപ്പാവയിലെ നളിനിയും ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവൾ ആണ്. എന്നാൽ അവൾ ധീരമായി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. സ്വന്തം കാലിൽ നിൽക്കാൻ അവൾ ആഗ്രഹിക്കുന്നു. സെൻസസ് എടുക്കാൻ എത്തുന്ന എന്യുമിനേറ്ററോട് നളിനി സംസാരിക്കുമ്പോൾ അവിടെ എത്തി നോക്കുന്ന പെണ്‍കുട്ടി സമൂഹത്തിന്റെ തന്നെ പ്രതിനിധിയാണ്.
                           എന്യുമിനേറ്ററുടെ ചോദ്യവും നളിനിയുടെ ഉത്തരവും വളരെ സ്വാഭാവികമായും ഫലത്തിന്റെ മേമ്പോടിയോടും അവതരിപ്പിക്കാൻ കാരൂർ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ